കേളകം : കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്ത് കായിക കേരളത്തിന് മാതൃകയാണ് എന്നൊക്കെ കണ്ണും പൂട്ടി വെച്ചടിച്ച ശേഷം ചവിട്ടി വിട്ടു പോയ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ യഥാർത്ഥത്തിൽ രാഷ്ട്രീയ കേരളത്തെ പറ്റിച്ചുവെന്നാണ് ഇപ്പോൾ തെളിയുന്നത്. എല്ലാ വാർഡിലും കളിക്കളങ്ങൾ എന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനം മാത്രമായി മാറുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് തെളിയിക്കുകയാണ് യൂത്ത് കോൺഗ്രസ്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് ഉണ്ടായിരുന്ന കളിക്കളങ്ങൾ ഒഴിച്ച് നിർത്തിയാൽ പഞ്ചായത്ത് കണ്ടെത്തിയ കളിക്കളങ്ങൾ എല്ലാം വെറും തട്ടിക്കൂട്ട് അവകാശവാദങ്ങൾക്ക് വേണ്ടിയുള്ളതും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്തവയുമാണ് എന്നാണ് പുറത്തു വരുന്നത്. ഇതിൽ പലയിടങ്ങളിലേക്കും നടന്നു പോകാൻ കഴിയുന്ന വഴികൾ പോലുമില്ല. ചിലയിടങ്ങൾ കാടുമുടിയ നിലയിലാണ്. അതിരൂക്ഷ വന്യമൃഗ ശല്യം നേരിടുന്ന കേളകം പഞ്ചായത്തിൽ ഇത്തരം കളിസ്ഥലങ്ങളിലേക്ക് പോകുന്നത് മനുഷ്യ ജീവന് തന്നെ ഭീഷണിയാണ്. സമ്പൂർണ്ണ കളിക്കളം പ്രഖ്യാപനത്തിന് സ്പീക്കർ എത്തിയ ചടങ്ങിൽ വീഡിയോ ചിത്രീകരിക്കുന്നതിന് വേണ്ടി മാത്രമാണ് മഞ്ഞളാംപുറത്തെ മൾട്ടി പർപ്പസ് സിംതറ്റിക്ക് സ്റ്റേഡിയത്തിൻ്റെ കുറച്ച് ഭാഗത്തെ കാട് വെട്ടിത്തെളിച്ചത് തന്നെ. ഇതിൻ്റെ ബാക്കിയുള്ള വശങ്ങൾ മുഴുവൻ ഇപ്പോഴും കാട് പിടിച്ച് കിടക്കുകയാണ്. തൊട്ടടുത്ത് പുതിയൊരു ഇൻഡോർ കളിക്കളം 60 ലക്ഷത്തോളം മുടക്കി പണിതീരാതെ കിടക്കുന്നുമുണ്ട്. റോഡ് മുഴുവൻ ചെളി മൂടിക്കിടക്കുന്ന കേളകം വില്ലേജ് ഓഫീസ് പരിസരത്തെ കളിസ്ഥലത്തേക്ക് എങ്ങനെയെത്തണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റും പഞ്ചായത്ത് സ്പോർട്ട് അക്കാദമിയും വ്യക്തമാക്കണമെന്നും നാട്ടുകാർ ഗണിച്ചെടുക്കേണ്ടി വരുമെന്നും എന്ന് യൂത്ത് കോൺഗ്രസ് പറയുന്നു. പഞ്ചായത്ത് കണ്ടെത്തിയ പല കളിസ്ഥലങ്ങളും കായിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്തവയാണ്. കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്ന പഞ്ചായത്ത് ഭരണനേതൃത്വം ആയിരുന്നു എങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും വർദ്ധിപ്പിക്കുന്നതിന് മുൻതൂക്കം നൽകുമായിരുന്നു. ഒരു കളിസ്ഥലമെന്ന് പറയാൻ പോലും കഴിയാത്ത സ്ഥലങ്ങൾ ഒക്കെയാണ് കളിക്കളമാണെന്ന് പറഞ്ഞ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എമ്മും ചെയ്യുന്നത് എന്ന് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്, മണ്ഡലം പ്രസിഡൻ്റ് ടോണി വർഗ്ഗീസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിമൽ കൊച്ചുപുര, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി എബിൻ പുന്നവേലി എന്നിവർ ആരോപിച്ചു. സ്കൂളുകൾക്ക് കളിക്കളം വേണമെന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള ചട്ടമാണെന്നിരിക്കെ കേളകത്ത് സ്കൂൾ കളിക്കളങ്ങൾ പോലും പഞ്ചായത്തിൻ്റെ അതിശയപരമായ കണ്ടുപിടുത്തമെന്ന നിലയിലാണ് പ്രചാരണം. സ്വകാര്യ വ്യക്തികളും അവർ അംഗങ്ങളായ ക്ലബ്ബുകളും ചേർന്ന് അഞ്ചും പത്തും വര്ഷം മുൻപ് തന്നെ അവരുടെ ചെലവിലുണ്ടാക്കിയ കളിക്കളങ്ങൾ ഇപ്പോൾ സ്പീക്കറുടെ വീരവാദ പ്രകാരം കേളകം പഞ്ചായത്ത് സ്ഥാപിച്ചവയുടെ ലിസ്റ്റിൽ കയറിപ്പറ്റും. പഞ്ചായത്ത് അവകാശപ്പെടുന്നത് ഇങ്ങനെയാണ്:
കേളകം ഗ്രാമപഞ്ചായത്ത്
സമ്പൂർണ കളിക്കളം പ്രഖ്യാപനം
കേളകം ഗ്രാമപഞ്ചായത്തിന്റെ കായിക സ്വപ്നങ്ങൾക്ക് നിറം പകരുന്നതിനും കേളകത്തെ ഇന്ത്യൻ കായിക ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിനും വേണ്ടിയാണ് പ്ലേ ഫോർ ഹെൽത്തി കേളകം എന്ന പേരിൽ ഒരു ജനകീയ കായിക പദ്ധതി നടപ്പാക്കാൻ 2023 ൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. പദ്ധതി വളരെ വിജയകരമായി മുന്നോട്ട് പോകുന്നു. ഈ പദ്ധതിയുടെ ഭാഗമായി 140 വിദ്യാർത്ഥികൾക്ക് ഫുട്ബോൾ വോളിബോൾ എന്നിവയിൽ പരിശീലനം നൽകി വരുന്നു. ദേശീയ റോവിങ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനക്കാരിയായ അഞ്ജലി കെ ജോർജ്ജ് അടക്കമുള്ള ചില പ്രതിഭകൾ ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ കേളകത്തു നിന്ന് വളർന്നു വന്നു എന്നത് നമുക്ക് അഭിമാനം പകരുന്നതാണ്. പ്ലേ ഫോർ ഹെൽത്തി കേളകം പദ്ധതിയുമായി പഞ്ചായത്തിലെ എല്ലാ സ്കൂളുകളും ക്ലബ്ബുകളും സഹകരിച്ചു വരുന്നു. ഇതിലൂടെ ഒരു പുതിയ കായിക സംസ്കാരത്തിനാണ് കേളകത്ത് തുടക്കം കുറിച്ചത്.
പ്ലേ ഫോർ ഹെൽത്തി കേളകം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാർഡിലും കളിക്കളങ്ങൾ ഉണ്ടാകണം എന്ന് തീരുമാനിച്ചിരുന്നു. കഴിഞ്ഞ രണ്ടു വർഷം നടത്തിയ പരിശ്രമത്തിന്റെ ഫലമായി ആ ലക്ഷ്യവും കേളകം ഗ്രാമപഞ്ചായത്ത് നേടി. എല്ലാ വാർഡിലും കളിക്കളങ്ങളുള്ള സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്തായി കേളകം മാറിക്കഴിഞ്ഞു. ഗ്രാമപഞ്ചായത്ത്, സ്കൂളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പുറംപോക്കുകൾ എന്നിവയുടെ സൗകര്യം ഉപയോഗപ്പെടുത്തി 13 വാർഡുകളിലായി ചെറുതും വലുതുമായ 26 കളിക്കളങ്ങൾ ഇതിനകം കണ്ടെത്തി കഴിഞ്ഞു. ഇതിൽ 13 എണ്ണം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലും 13 എണ്ണം സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുമാണ്. അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ഷട്ടിൽ ബാറ്റ്മിന്റൻ, ബാസ്കറ്റ് ബോൾ, റോളർ സ്കേറ്റിങ്, കളരിപ്പയറ്റ്, കരാട്ടെ, ചെസ്സ്, യോഗ എന്നിവ പരിശീലിക്കുന്നതിനുള്ള സൗകര്യം ഇന്ന് കേളകത്തുണ്ട്. ഇതിൽ ബാസ്കറ്റ് ബോൾ, റോളർ സ്കേറ്റിങ് എന്നിവയൊഴികെ എല്ലാ കളികളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ഈ മഴക്കാലം കഴിയുന്നതോടെ കളിക്കളങ്ങളെല്ലാം സജീവമാകും.
ഇതിന് പുറമെ നാല് കളിക്കളങ്ങൾക്കുള്ള സ്ഥലം കൂടി ലഭ്യമായിട്ടുണ്ട്. ഇതിൽ അടക്കാത്തോട് ഗവ: യു പി സ്കൂളിന്റെ കൈവശമുള്ള 1.2 ഏക്കർ സ്ഥലത്ത് സ്റ്റേഡിയം നിർമ്മിക്കുന്നതിന് പഞ്ചായത്ത് ഫണ്ട് നീക്കി വെച്ചിട്ടുണ്ട്. ഇതിന് പുറമെ സ്കൂൾ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നൽകാൻ ഒരു കായിക പരിശീലകനെ താൽക്കാലികമായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സർവീസിലിരുന്നപ്പോൾ ഇടതുപക്ഷ യൂണിയൻ പ്രവർത്തനവുമായി നടന്ന കുറച്ച് റിട്ട സർക്കാർ ഉദ്യോഗസ്ഥരും ലോക്കൽ ബുദ്ധിജീവികളും കൂടി തട്ടിക്കൂട്ടുന്ന ചില ഗിമിക്കുകളുമായാണ് മലയോരത്തെ സിപിഎം ഭരിക്കുന്ന പഞ്ചായത്തുകൾ കുറച്ചു കാലമായി ജനത്തിൻ്റെ കണ്ണിൽ പൊടിയിട്ട് പിടിച്ചു നിൽക്കുന്നത്. പഞ്ചായത്തിൻ്റെ ആസ്തിയിലേക്ക് ചേർക്കാൻ കഴിയുന്ന പുതിയ റോഡുകൾക്ക് ഫണ്ട് അനുവദിക്കാതെയും അറ്റകുറ്റപ്പണിക്ക് ആവശ്യമായ പണം നൽകാതെയും സംസ്ഥാനത്തെ വിജയൻ സർക്കാർ പഞ്ചായത്തുക്കളെ കഴിഞ്ഞ 5 വർഷമായി വട്ടം കറക്കുകയാണ്. തെരുവുവിളക്കുകൾ മാറ്റിവയ്ക്കാൻ പോലും പല 'പഞ്ചായത്തിനും ഫണ്ടില്ല. പദ്ധതി വിഹിതം 15 ശതമാനത്തിൽ അധികം വെട്ടിക്കുറച്ചാണ് സർക്കാർ ഫണ്ട് പഞ്ചായത്തുകൾക്ക് നൽകുന്നത്. യഥാർത്ഥത്തിൽ പഞ്ചായത്തിൻ്റെ പണി പ്ലാസ്റ്റിക് പെറുക്കലും വഴിയോരം വയക്കലും മാത്രമായി ചുരുക്കിയിട്ടും 5 വർഷം കഴിഞ്ഞു.ഇതൊന്നും തിരിച്ചറിയാത്ത സാധാരണ ജനത്തിൻ്റെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് പ്രാദേശിക ബുദ്ധി ജീവികൾ ചേർന്ന് ഇത്തരം ലോക്കൽ തട്ടിക്കൂട്ട് പദ്ധതികൾ ഉണ്ടാക്കി വാരി വിതറുന്നത്. കൊട്ടിഘോഷിച്ച് നടത്തിയ സമ്പൂർണ്ണ കളിക്കളം പ്രഖ്യാപനചടങ്ങിൽ നാട്ടുകാരുടെ സാന്നിധ്യം പോലും കഷ്ടിച്ച് നൂറ് പേരായിരുന്നു എന്നാണ് ദോഷൈക ദൃക്കുകൾ സത്യസന്ധമായ പറഞ്ഞു നടക്കുന്നത്. പഞ്ചായത്ത് പരിപാടികൾക്ക് നിർബന്ധിതമായി തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തില്ലെങ്കിൽ ആളുകളില്ലാത്ത സ്ഥിതിയാണ്. സ്കൂളിലെ എസ്പിസി കേഡറ്റുകൾ ഇല്ലായിരുന്നെങ്കിൽ പ്രഖ്യാപന പരിപാടി തന്നെ പാളുമായിരുന്നു എന്നും ചിലർ പരിഹസിക്കുന്നു. പ്രദേശത്തെ കൊടികുത്തിയ കുത്തക മാധ്യമ പ്രവർത്തകരും പാർട്ടി ശിങ്കിടികൾ നടത്തുന്ന ഓൺ ലൈനുകളും തല്ലിക്കൂട്ടുന്ന പുകഴ്ത്ത് പാട്ടുകളിലുമാണ് മലയോരത്തെ ഒട്ടുമിക്ക ഇടതുഭരണ പഞ്ചായത്തുകളും ഒരു വിധം ജനത്തെ പറ്റിച്ചു പിടിച്ചു നിൽക്കുന്നത് തന്നെ! എന്തായാലും യൂത്ത് കോൺഗ്രസ് കേളകത്തെ കളിക്കളം തട്ടിപ്പിനെ സമ്പൂർണമായി പൊളിച്ചടുക്കി ചർച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്.
Youth Congress has debunked the scam of announcing a complete playground in Kelakam. The false claim of the panchayat that it has not even built a shuttle court is being debunked.





















